May 27, 2020
Breaking News

ഒരു യാത്രയുടെ ഓർമ്മക്ക്. മണീട് മുതൽ കടവന്ത്ര വരെ ഉള്ള ഒരു മണിക്കൂർ നീളുന്ന എന്റെ ബസ് യാത്രയിൽ രണ്ട് ദിവസമിരുന്നു പറഞ്ഞാലും തീരാത്തത്ര കാര്യങ്ങളുണ്ടായിരുന്നു

ഒരു യാത്രയുടെ ഓർമ്മക്ക്.
മണീട് മുതൽ കടവന്ത്ര വരെ ഉള്ള ഒരു മണിക്കൂർ നീളുന്ന എന്റെ ബസ് യാത്രയിൽ രണ്ട് ദിവസമിരുന്നു പറഞ്ഞാലും തീരാത്തത്ര കാര്യങ്ങളുണ്ടായിരുന്നു. “ഗാലക്സി ” എന്ന് പേരുള്ള ആ നീല ബസിൽ തന്നെയാണ് ഞാൻ ഇന്നും കയറിയത്. വലിയ തിരക്കില്ലാത്തതിനാൽ ബാക്കിലെ സീറ്റ്‌ കിട്ടി. ബസിലെ ശബ്ദങ്ങൾ തിരിച്ചറിയാൻ ഞാൻ മെല്ലെ ഒന്ന് കണ്ണടച്ചു, പിന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നി, കല പില എന്ന് ആ മഹതികൾ സൊറ പറഞ്ഞിരിക്കയാണ്, കൂടെ പതിവ് ചില്ലറ പ്രശനങ്ങളുമായി കണ്ടക്ടറും ഉണ്ട്, ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ചില്ലറക്ക് ഇത്ര ദാരിദ്ര്യമുള്ള അയാൾ, അയാളുടെ മക്കൾക്ക്‌ നോട്ട് മാത്രമേ കൊടുക്കുന്നുണ്ടാവുകയുള്ളൂ ലേ. ആർക്കറിയാം, ലക്ഷ്യ സ്ഥാനത്തേക്കു പെട്ടെന്ന് എത്താനായി സ്ത്രീകളോട് ചേർന്നുള്ള മുൻ ഭാഗത്തേക്ക്‌ പോവാൻ വട്ടം കൂട്ടുകയാണ് ഒരു ചേട്ടൻ.

ഇതിൽ ഏറ്റവും തമാശ കോളേജ് കുമാരിമാരുടെ കാര്യമാണ്, അവർ കയറിയ ഉടനെ ഡ്രൈവറെ ഒന്ന് നോക്കും പിന്നെ കണ്ടക്ടറെ പിന്നെ ബസിലെ യാത്രക്കാരെ മുഴുവനുമായി, ചിലർ കയ്യിൽ എണ്ണി വരെ നോക്കും, എത്ര പേർ അവരെ ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം. അവരുടെ കണ്ണിൽ ഒന്ന് തട്ടാനായി മാത്രം ബസിൽ കയറുന്ന ഫ്രീക്കൻമാരും എണ്ണത്തിൽ ഒട്ടും കുറവല്ല, എങ്കിലും ഈ പയ്യന്മാരോട് എനിക്ക് ബഹുമാനമാണ്, കാരണം മുതിർന്നവർ വന്നാൽ സീറ്റിൽ നിന്നും എണീറ്റു കൊടുക്കുന്നത് ഇവർ മാത്രമാണ്. പക്ഷേ നിർഭാഗ്യമെന്നോണം ഫ്രീക്കൻമാർ എന്നും ജനത്തിന്റെ കണ്ണിലെ കരടാണ്. അങ്ങനെ ഞാൻ കണ്ണോടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് എന്നെ ഒരുത്തി അതി സൂക്ഷ്മമായി നോക്കുന്നത് ഞാൻ കണ്ടത്, ഈ തങ്കക്കുടം എന്തിനാണ് എന്നെ തന്നെ നോക്കുന്നത്, അവളെന്നോട് ചെറുതായി ഒന്ന് ചിരിച്ചു, ഞാനും ചിരിച്ചു. ഞങ്ങൾ ഒരൊറ്റ നോട്ടത്തിൽ രണ്ട് ഹൃദയങ്ങൾ കൈമാറി. അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല, ഉണ്ടെങ്കിൽ കുങ്കുമം കാണില്ലേ, എനിക്ക് സന്തോഷമായി ഒന്ന് രണ്ടു കഥകൾ എഴുതിതുടങ്ങിയതിനു ശേഷം മനസ്സ് എത്ര പറഞ്ഞാലും ഞാൻ വായ് നോക്കാറില്ല. അങ്ങനെ ഞാൻ കുറച്ച് ഗമയിൽ ഇരിക്കുന്ന സമയത്താണ് അവളുടെ നെഞ്ച് തുളക്കുന്ന നോട്ടം. ഞാൻ മനസിലുറപ്പിച്ചു, ഇവൾ തന്നെ എന്റെ സുന്ദരി കോത. അതെ സമയം ഡ്രൈവർ ഒന്ന് ബ്രേക്ക് ഇട്ടു, എന്റെ തല ചെറുതായി ഒരു കമ്പിയിൽ ഇടിച്ചു, ഇത് കണ്ടതും അവൾ ചിരിക്കാൻ തുടങ്ങി, ആഹാ നിലാവുദിച്ച പോലെ, ഡ്രൈവർ ഒരു രണ്ട് വട്ടം കൂടി ബ്രേക്ക് ഇടാൻ ഞാൻ മനസ്സിൽ പറഞ്ഞു, അവൾ ഇടക്കിടെ എന്നെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്, സെറ്റ് മോനെ സെറ്റ് ഞാൻ നെഞ്ച് തടവികൊണ്ട് മന്ത്രിച്ചു.

അപ്പോഴാണ് ഞാൻ മനസിലാക്കിയത് ബസിലെ മിക്ക പേരും ഞങ്ങളെ തന്നെയാണ് ശ്രദ്ധിക്കുന്നത്, എനിക്ക് നാണം വന്നു, അമ്മയോട് ആദ്യം ഈ കാര്യം പറയണം, എല്ലാം ശടപടെ എന്നാക്കണം, ജീവിതമങ്ങനെയാണ്, നമ്മിൽ നിന്നും ഒന്നെടുക്കും, നാമറിയാതെ മറ്റൊന്നു നമുക്ക് നൽകും, ഫിലോസഫി അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നതിന് മുൻപ് എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തി, ഞാൻ പ്രതീക്ഷയുറ്റുന്ന കണ്ണുകളോടെ അവളെ നോക്കി, അവളും എന്റെ സ്റ്റോപ്പിൽ ഇറങ്ങി, ഞങ്ങൾ ബസ്റ്റോപ്പിലേക്ക് നടന്നു, ചെറിയ ചാറ്റൽ മഴ തുടങ്ങിയിരുന്നു,ബസ് സ്റ്റോപ്പിൽ എത്തിയതും, അവൾ ചോദിച്ചു, മാളുവിനു സുഖമാണോ ചേട്ടാ?ഞാൻ അവളുടെ ഒപ്പം പഠിച്ചതാ, എന്റെ സ്വന്തം മുത്തു മണി അനിയത്തി മാളുവിനെ ഞാൻ അറിയാതെ ഓർത്തുപോയി, ശ്ശെടാ അവളുടെ കൂട്ടുകാരിയാണോ? ഞാൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടി,

അവളുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ ചേട്ടാ എന്റെ കല്ല്യാണം വിളിച്ചു പറയാനാ, ദൈവമേ എന്തൊരു ദുരന്തമാണിത്, മാളുവിനെ ഞാൻ മനസ്സിൽ പ്രാകി, ചെറുക്കനു എന്താണ് ജോലി, ഞാൻ അവളോട്‌ ചോദിച്ചു, അയ്യോ ചേട്ടനറിയില്ലേ, നമ്മൾ ഇപ്പോൾ ഇറങ്ങി വന്ന ബസ്സില്ലെ, അതിലെ കണ്ടക്ടറാ, പ്ലിങ്… ആ കണ്ടക്ടർ ഞങ്ങൾ പരസ്പരം നോക്കുന്നത് കണ്ടിരിക്കണം, ഈ കണ്ടക്ടറുടെ നോട്ടം കണ്ടാവണം ബസിലെ എല്ലാവരും ഞങ്ങളെ ശ്രദ്ധിച്ചത്. പിന്നീട് ഞാൻ ആ ബസിൽ കയറുമ്പോയൊക്കെ തല താഴ്ത്തി ഇരിക്കും, വെറുതെ എന്തിനാ ഞാൻ വീണ്ടും പ്ലിംഗ് ആവുന്നത്.
ജയൻ കാർത്തികേയൻ.

Leave a Reply

Your email address will not be published. Required fields are marked *